സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ അഞ്ച് വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശപ്രകാരം അപകട പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടിയുടെ അപകടസാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ബീച്ചിലേക്കുള്ള യാത്രകളും കടലിലെ വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുകയും വേണം