തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്കാന് എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല.
അത് മാനേജ്മെന്റിനറിയാമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ തൊഴിലാളി യൂണിയനുകളുമായുളള ചര്‍ച്ചകള്‍ക്ക് മുന്‍പായിരുന്നു ഗതാഗതമന്ത്രി ആദ്യം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കെഎസ്ആര്‍ടിസിയ്ക്ക് വേണ്ട സഹായം സര്‍ക്കാര്‍ തുടരുമെന്നും എന്നാല്‍ മുഴുവന്‍ ചിലവും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഗതാഗതമന്ത്രിയുടെ അഭിപ്രായത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ് ആന്റണി രാജു പറഞ്ഞത്. ടോള്‍ പ്ളാസയില്‍ പോലും മുപ്പത് കോടി രൂപയുടെ ബാദ്ധ്യത കെഎസ്ആര്ടിസിയ്ക്കുണ്ട്. വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നും ധനമന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന തീരുമാനം വന്നതോടെ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. 25നാണ് മന്ത്രിയുമായി ചര്‍ച്ച നടത്തുക.ഇന്നലെ നടന്ന ചര്‍ച്ചയില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും ശമ്ബളത്തിന് 20 ഡ്യൂട്ടി പാറ്റേണും വേണമെന്ന തീരുമാനങ്ങള്‍ മരവിപ്പിച്ചു. എന്നാല്‍ എല്ലാമാസവും അഞ്ചിന് മുന്‍പ് ശമ്പള വിതരണം എന്ന ആവശ്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് ലഭിച്ചില്ല.