ചാത്തമംഗലം: സെര്‍വര്‍ തകരാര്‍മൂലം കോഴിക്കോട് എന്‍.ഐ.ടിയില്‍ യു.ജി.സി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു.
ശനിയാഴ്ച രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് 12 വരെ നടക്കേണ്ട ആദ്യ ഷിഫ്റ്റ് പരീക്ഷയാണ് മുടങ്ങിയത്.
രാവിലെ എട്ടോടെ വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളില്‍ ഹാജരായിരുന്നുവെങ്കിലും സെര്‍വര്‍ തകരാറിലായതുകാരണം കൃത്യസമയത്ത് പരീക്ഷ തുടങ്ങാനായില്ല. വെരിഫിക്കേഷനും വൈകി. രാവിലെ 10.30ഓടെ സാങ്കേതിക തകരാര്‍ പരിഹരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വീണ്ടും സെര്‍വര്‍ പണിമുടക്കി. ചോദ്യങ്ങള്‍ ഭാഗികമായോ മുഴുവനായോ തെളിയാത്ത അവസ്ഥയുണ്ടായി. തുടര്ചോദ്യങ്ങള്ക്കായി ക്ലിക്ക് ചെയ്തപ്പോള്‍ ‘സെഷന് എക്സ്പയെര്ഡ്’ സന്ദേശമാണ് ചിലര്‍ക്ക് ലഭിച്ചത്.
12 മണിയോടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ച് വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും പരീക്ഷ എഴുതാന്‍ തയാറായില്ല. ചോദ്യം തെളിയാത്ത അത്രയും നേരവും, പരീക്ഷക്ക് അനുവദിച്ച നിശ്ചിത സമയത്തില്‍നിന്ന് കുറവ് വന്നതും വിദ്യാര്‍ഥികള്‍ക്ക് വിനയായി. ഇതോടെ പരീക്ഷ മറ്റൊരു ദിവസം മാറ്റി നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. ഇന്‍വിജിലേറ്റര്‍മാര്‍ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് രാജ്യത്തെമ്ബാടുമായി നെറ്റ് പരീക്ഷ നടത്തിയത്. ദേശീയതലത്തില്‍ ചില കേന്ദ്രങ്ങളില്‍ സാങ്കേതിക തകരാറുകള്‍മൂലം പരീക്ഷ മുടങ്ങിയതായി വിവരമുണ്ട്. എന്നാല്‍, കേരളത്തില്‍ എന്‍.ഐ.ടിയില്‍ മാത്രമാണ് പരീക്ഷ തടസ്സപ്പെട്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജൂലൈ, ഡിസംബര്‍ സൈക്കിളുകള്‍ ഒരുമിച്ചാണ് ശനിയാഴ്ച പരീക്ഷ നടത്തിയത്.
ഉത്തരവാദികളല്ലെന്ന് എന്‍.ഐ.ടി
നെറ്റ് പരീക്ഷ എഴുതുന്നതില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് സ്ഥാപനമോ ഉദ്യോഗസ്ഥരോ ഉത്തരവാദികളല്ലെന്ന് എന്‍.ഐ.ടി കാലിക്കറ്റ്. ന്യൂഡല്‍ഹിയിലെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. സാങ്കേതിക കോഓഡിനേറ്ററായി എഡിക്വിറ്റിയിലെ രണ്ട് സാങ്കേതിക വ്യക്തികളും എന്‍.ടി.എയെ പ്രതിനിധീകരിച്ച് ഒരു നിരീക്ഷകനും സന്നിഹിതരായിരുന്നു.
പരീക്ഷ നടത്തുന്നതിനുള്ള സെര്‍വര്‍ എഡിക്വിറ്റി കൊണ്ടുവന്നതാണ്. എഡിക്വിറ്റി ടീം ഹോസ്റ്റ് ചെയ്ത സെര്‍വര്‍ പ്രശ്നമാണ് ലോഡിങ്ങിലെ മന്ദഗതിക്ക് കാരണം. 11.30 ഓടെ, സിറ്റി കോഓഡിനേറ്റര്‍, ഒബ്സര്‍വര്‍, സെന്റര്‍ എന്നിവര്‍ നഷ്ടപ്പെട്ട സമയത്തിന് നഷ്ടപരിഹാരമായി അധിക സമയം നല്‍കാമെന്ന് നിര്‍ദേശങ്ങളും കൗണ്‍സലിങ്ങും ഉറപ്പും നല്‍കിയിട്ടും ആവര്‍ത്തിച്ചുള്ള സര്‍വര്‍ തകരാര്‍ കാരണം ചില ഉദ്യോഗാര്‍ഥികള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. 44 ഉദ്യോഗാര്‍ഥികളുമായി 12 മണിക്ക് പരീക്ഷ പുനരാരംഭിക്കുകയും സാങ്കേതിക പിശകുകള്‍ കാരണം അവര്‍ക്ക് അധിക സമയം നല്‍കുകയും ചെയ്തു.
മറ്റൊരു ദിവസം വീണ്ടും പരീക്ഷ നടത്തണമെന്ന, ബഹിഷ്കരിച്ച ഉദ്യോഗാര്‍ഥികളുടെ ആവശ്യം ന്യൂ ഡല്‍ഹിയിലെ എന്‍.ടി.എ നിരസിച്ചിട്ടുണ്ട്. സംഭവം കോഴിക്കോട് എന്‍.ഐ.ടിയുടെ ഭാഗത്തുനിന്നുള്ള പിഴവായി ചിത്രീകരിച്ചത് ഖേദകരമാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.