തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 10നു രാവിലെ 11ന് തിരുവനന്തപുരം പി.എസ്.സി ഓഫീസില്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
പൊതു-സ്വകാര്യ മേഖലയില്‍ ഉള്‍പ്പെട്ട ശിശു പരിപാലന കേന്ദ്രങ്ങള്‍ (ക്രഷുകള്‍) ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളില്‍ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കും. ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വിതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്ബത്തിക വര്‍ഷം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും 50ല്‍ അധികം ജീവനക്കാര്‍ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കും.
ക്രഷിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകള്‍, ക്രാഡില്‍സ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, മറ്റ് ക്ലീനിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശു വികസന ഓഫീസര്‍മാര്‍ക്ക് അനുവദിച്ചു.