തിരുവനന്തപുരം : കെ.വി തോമസിന് പുനര്‍വിചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തീവ്ര വലതുപക്ഷ നിലപാടിലേക്ക് സി.പി.എം മാറിയെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
കെ.വി തോമസിനെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യം തീരുമാനിക്കുന്നത് കെ.പി.സി.സി പ്രിഡന്റായിരിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.
ഇന്ന് വൈകീട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലാണ് കെ.വി തോമസ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പമാണ് കെ.വി.തോമസ് വേദി പങ്കിടുക. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ.വി.തോമസിന് വന്‍ സ്വീകരണമാണ് സിപിഎം നല്‍കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
തനിക്ക് പറയാനുള്ളതെല്ലാം സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ താന്‍ പറയുമെന്ന് കെ.വി.തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്ക് അവഗണിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്.