കണ്ണൂര്‍: റഷ്യയും അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയും തമ്മിലാണ് യുദ്ധം നടക്കുന്നതെന്നും യുക്രെയ്ന് അരങ്ങ് മാത്രമാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാറ്റോയുടെ സ്വാധീനം കിഴക്കോട്ട് വ്യാപിപ്പിക്കാന്‍ റഷ്യന്‍ അതിര്‍ത്തിയില്‍ 1,75,000 നാറ്റോ സൈനികരെ വിന്യസിച്ചതാണ് സ്ഥിതി വഷളാക്കിയത്. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കാനുള്ള നിര്‍ദേശംകൂടി വന്നതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. നിലവിലെ സംഭവവികാസങ്ങള്‍ രാജ്യാന്തരരംഗത്ത് കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കും.
റഷ്യക്കെതിരായ യു.എന്‍ പ്രമേയങ്ങളില്‍നിന്ന് ഇന്ത്യ തുടര്‍ച്ചയായി വിട്ടുനിന്നത്, അമേരിക്കയ്ക്ക് വിനീതവിധേയമായി നില്‍ക്കാനുള്ള മോദി സര്‍ക്കാറിന്റെ വ്യഗ്രത ഇന്നത്തെ ലോകക്രമത്തില്‍ ഫലശൂന്യമാണെന്ന് വ്യക്തമാക്കുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.