തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകള്‍, ബോര്‍ഡുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ മേധാവിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നത് അവസാനിപ്പിച്ചു.
സെക്രട്ടേറിയറ്റില്‍നിന്ന് ലഭിക്കുന്ന കത്തിന്റെ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് അടിസ്ഥാനത്തിലും മാത്രം കടത്തി വിടും. സുരക്ഷയുടെ ഭാഗമായി വാഹന പാസ് നിര്‍ബന്ധമാക്കും. പാസുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ. പാസ് ആവശ്യമുള്ള ജീവനക്കാര്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നും പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
എല്ലാ ഭാഗത്തും ഫയര്‍ എന്ജിന് തടസ്സം കൂടാതെ, എത്താന്‍ മഞ്ഞവരയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിലക്കി. അത്തരം വാഹനം റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കും. ഉടമക്കും ഡ്രൈവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പിഴയും ഈടാക്കും. മഞ്ഞവരയില്‍ പാര്‍ക്ക് ചെയ്തത് കണ്ടാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനം നീക്കം ചെയ്യണം. സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രധാന പാര്‍ക്കിങ് ഇടങ്ങളില്‍ വകുപ്പുകളുടെ ഉപയോഗശൂന്യ വാഹനങ്ങള്‍ തുരുമ്ബെടുത്ത് കിടുക്കുന്നത് ഉടന്‍ മാറ്റും.
പാര്‍ക്ക് ചെയ്യുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പരിസരത്ത് ഉണ്ടാകണം. വാഹനം മാറ്റേണ്ട സമയത്ത് ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കും. അതിന്റെ പേരിലെ നഷ്ടത്തിന് വകുപ്പും ഡ്രൈവറും ഉത്തരവാദിയാകും. മഞ്ഞവര മുറിച്ച് കടന്നോ പാര്‍ക്കിങ് വരകള്‍ക്ക് കുറുകെയോ പകുതി പുറത്തായോ അലക്ഷ്യമായി പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അലക്ഷ്യമായി പാര്‍ക്ക് ചെയ്താല്‍ 1000 രൂപ പിഴ ഇടും. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും വകുപ്പ് വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്.
പാര്‍ക്കിങ് സ്ഥലം നിറഞ്ഞാല്‍ പാസുള്ള വാഹനങ്ങളും അനുവദിക്കില്ല. അവ സെക്രട്ടേറിയറ്റിന് പുറത്തോ സെന്‍ട്രല്‍ സ്റ്റേഡിയം പാര്‍ക്കിങ് ഏരിയയിലേക്കോ തിരിച്ചു വിടും. നിരോധന സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പാര്‍ക്കിങ് നിറഞ്ഞാല്‍ പാര്‍ക്കിങ് ഫുള്‍ ബോര്‍ഡ് വെക്കും. വാഹനങ്ങള്‍ അടുത്ത വാഹനത്തിന് തടസ്സമായോ അലക്ഷ്യമായോ അസൗകര്യമായോ വഴി തടസ്സപ്പെടുത്തിയോ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സെക്രട്ടേറിയറ്റിലെ യോഗങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വരുന്ന ഉദ്യാഗസ്ഥരെ കൊണ്ടുവരുന്ന വാഹനം, യാത്രക്കാരെ ഇറക്കിയ ശേഷം പുറത്ത് പാര്‍ക്ക് ചെയ്യണം.