കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്ന് 50-ാം പിറന്നാള്‍.ടീം ഇന്ത്യയെ നയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് സൗരവ് ഗാംഗുലി.
ദേശീയ ടീമിന്റെ മനോഭാവം മാറ്റുക മാത്രമല്ല അദ്ദേഹം ചെയ്തത് പകരം വരാനിരിക്കുന്ന നായകര്‍ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുകയുമായിരുന്നു. കൊല്‍ക്കത്തയുടെ രാജകുമാരനെന്നും ബംഗാള്‍ കടുവയെന്നും ഏറെ വിളിപ്പേരുകളുള്ള ഗാംഗുലി ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട ദാദയാണ്.
ഇന്ത്യന്‍ ജേഴ്സിയില്‍ 1992ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തിലൂടെയായിരുന്നു കൊല്‍ക്കത്തയുടെ രാജകുമാരന്റെ അരങ്ങേറ്റം.പിന്നാലെ 1996ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലോര്‍ഡ്സില്‍ സെഞ്ചുറിയുമായി ശ്രദ്ധനേടി. 2008ല്‍ 113 ടെസ്റ്റില്‍ 16 സെഞ്ച്വറിയോടെ 7212 റണ്‍സ് ഗാംഗുലി സ്വന്തമാക്കിയിരുന്നു.311 ഏകദിനത്തില്‍ 22 സെഞ്ച്വറിയോടെ 11363 റണ്‍സും സ്വന്തം പേരിനൊപ്പം കുറിച്ചു. ഇവയ്ക്ക് പുറമെ ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചുറിയും ഗാംഗുലിയുടെ പേരിലുണ്ട്.സ്ട്രൈക്ക് റേറ്റ് ടെസ്റ്റില്‍ 51.26 എങ്കില്‍ ഏകദിനത്തില്‍ 73.71. ഇതിനൊപ്പം ടെസ്റ്റില്‍ 32 വിക്കറ്റുകളും ഏകദിനത്തില്‍ 100 വിക്കറ്റുകളും സ്വന്തമാക്കി.
2000-2005 കാലത്ത് 49 ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചിരുന്നു. ഇക്കാലയളവില്‍ 21 ജയവും 15 സമനിലയും ഇന്ത്യ നേടി. 13 മത്സരങ്ങളില്‍ മാത്രമാണ് ഗാംഗുലിക്ക് കീഴില്‍ ടീം പരാജയപ്പെട്ടത്. 1999-2005 കാലയളവിലെ ഏകദിനത്തില്‍ 146 മത്സരങ്ങളില്‍ ഗാംഗുലി ക്യാപ്റ്റനായി. 76 മത്സരങ്ങളില്‍ ജയവും 65 മത്സരങ്ങളില്‍ തോല്‍വിയും അന്ന് തേടിയെത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായിയാണ് അദ്ദേഹത്തെ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു. 59 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1349 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 91. 2008ല്‍ വിരമിച്ചതിന് ശേഷം
കമന്റേറ്ററായി പ്രവര്‍ത്തിച്ച ഗാംഗുലി 2015ല്‍ ക്രിക്കറ്റ് ഭരണത്തിന്റെ ക്രീസിലെത്തി. നാലുവര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായ അദ്ദേഹം 2019ല്‍ ബിസിസിഐ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.