സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത 3 പേരാണ് പിടിയിലായത്.
ലൈംഗികാതിക്രമത്തിന്റെ വീഡിയോ ആവശ്യപ്പെട്ടതിന് പെണ്‍കുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.
മാര്‍ച്ചില്‍ കാമുകന്റെ വീട്ടില്‍ നടന്ന ജന്മദിനാഘോഷത്തില് പെണ്‍കുട്ടി പങ്കെടുത്തിരുന്നു. ആഘോഷത്തിനിടെ കാമുകനൊപ്പം നിരവധി ഫോട്ടോകള്‍ എടുക്കുകയും, പിന്നീടിത് സുഹൃത്തുക്കളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കാമുകനൊപ്പമുള്ള ഫോട്ടോകള്‍ മാതാപിതാക്കളെ കാണിക്കുമെന്ന് പ്രതികളില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി. ജൂലായ് ഒന്നിന് ഉച്ചഭക്ഷണ ഇടവേളയില്‍ സ്കൂളിന് പുറകിലുള്ള തന്റെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
വീട്ടില്‍ എത്തിയ കുട്ടിയെ 3 പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അവരില്‍ ഒരാള്‍ വീഡിയോ എടുക്കുകയും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ കാമുകന് അവരെ ബന്ധപ്പെടുകയും, വീഡിയോകള്‍ തനിക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സഹപാഠികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ധൈര്യം സംഭരിക്കുകയും സംഭവം അമ്മയോട് പറയുകയും ചെയ്തു. പിന്നാലെ അമ്മ ആവിനന്‍കുടി പൊലീസില്‍ പരാതി നല്കി.
വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പോക്സോ നിയമത്തിലെ 13, 14 വകുപ്പുകള്‍ പ്രകാരമാണ് കാമുകനെതിരെ കേസെടുത്തത്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി