പണം കൊണ്ടുളള ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ റമ്മി സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്ബനികള്‍ ചോദ്യം ചെയ്തതോടെ നിരോധനം ഹൈക്കോടതി റദ്ദാക്കി.
എന്നാല്‍ ഗെയിമിലൂടെ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനുളള നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നത്.1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു വകുപ്പില്‍ നിന്നും ലഭിച്ച മറുപടി.
് കേരള ഗെയിമിങ് നിയമം 14-ാം വകുപ്പനുസരിച്ച് ‘ഗെയിം ഓഫ് സ്കില്‍’ ആയാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഈ വകുപ്പില്‍ റമ്മിയും ഉള്‍പ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പണം വച്ചുള്ള കളി ആയതിനാല്‍ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാന്‍സ്) പരിധിയില്‍ വരുമെന്ന ഭേദഗതിയാണ് കൊണ്ടുവരിക. ഒരു വര്‍ഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും.