മാനന്തവാടി: കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി എം.പിയുടെ മണ്ഡലം സന്ദര്‍ശനത്തിന് വയനാട്ടില്‍ ഒരുക്കിയത് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ സന്നാഹം.
കല്പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച പശ്ചാത്തലത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനമായതിനാലാണ് കൂടുതല്‍ സേനയെ നിയോഗിച്ചത്. ജില്ലയില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി വിന്യസിച്ചത്. കണ്ണൂര്‍ മാങ്ങാട്ട്പറമ്ബ് കെ.എ.പി ക്യാമ്ബ്, മലപ്പുറം എം.എസ്.പി ക്യാമ്ബ്, തൃശൂര്‍ വനിത ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസുകാരെ സുരക്ഷയൊരുക്കാന്‍ ജില്ലയിലെത്തിച്ചു. തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലടക്കം നടന്നതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. മാനന്തവാടിയില്‍ സി.പി.എം പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍. ആര്. നായര്‍ക്കാണ് പൊലീസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്ബ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.