തിരുവനന്തപുരം: ഗുരുതര പെരുമാറ്റദൂഷ്യം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്ഷന് തടഞ്ഞുവെക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വിസ് ചട്ടം ഭേദഗതി ചെയ്തു.
കെ.എസ്.ആര് മൂന്നാംഭാഗത്തില്‍ 2, 3, 59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന്റെ ഉത്തരവിലൂടെ ഭേദഗതി വരുത്തിയത്.
പെന്‍ഷനറെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയോ ചെയ്താല്‍ ഈ വിവരം ജയില്‍ സൂപ്രണ്ട്/ സ്റ്റേഷന് ഹൗസ് ഓഫിസര്‍/ ജില്ലാതല നിയമ ഓഫിസര്‍ എന്നിവര്‍ ട്രഷറി ഡയറക്ടറെ അറിയിക്കണമെന്ന് ഭേദഗതിയില്‍ പറയുന്നു. വിധിന്യായത്തിന്റെ പകര്‍പ്പും പെന്‍ഷനറുടെ വിശദവിവരും സഹിതം ട്രഷറി ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് ധനകാര്യവകുപ്പിനെ അറിയിക്കണം. തുടര്‍ന്ന് പെന്‍ഷനര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്കി വിശദീകരണം പരിഗണിച്ചശേഷം പി.എസ്.സിയുമായി കൂടിയാലോചിച്ചാണ് പെന്ഷന് തടയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. എത്രകാലത്തേക്ക് ശിക്ഷ വേണമെന്നും ഉത്തരവ് പുറപ്പെടുവിക്കും.
സര്വിസ്കാലത്ത് വരുത്തിയ സാമ്ബത്തികനഷ്ടം പെന്‍ഷനില്‍നിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്. നിലവില്‍ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയില്‍ നിന്നാണ് സാമ്ബത്തികനഷ്ടം സര്‍ക്കാര്‍ ഈടാക്കിയിരുന്നത്. പെന്‍ഷനില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങള്‍ കുറ്റാരോപിതര്‍ കോടതിയെ സമീപിച്ച് തടഞ്ഞിരുന്നു. പെന്‍ഷന്‍കാരുടെ പെരുമാറ്റദൂഷ്യം തടയാനുള്ള ചട്ടം രണ്ടിന്റെ ഭേദഗതിയിലുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയിലാണ് പെന്ഷന് നല്‍കുന്നതെന്നും ഗുരുതര പെരുമാറ്റദൂഷ്യം കണ്ടെത്തിയാല്‍ സര്‍ക്കാരിന് പെന്‍ഷനോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ നിര്‍ത്തലാക്കാമെന്നും ഉത്തരവില്‍ പറയുന്നു.
സര്വിസിലിരിക്കുമ്ബോള് ആരംഭിച്ച വകുപ്പുതല നടപടികള്‍ വിരമിക്കുമ്ബോഴും തീര്‍പ്പാക്കിയില്ലെങ്കില്‍ വിരമിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാം. വിരമിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കണം. ഒന്നിലധികം വകുപ്പുതല അച്ചടക്കനടപടികള്‍ നേരിടുന്ന ജീവനക്കാരന് വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീര്പ്പുകല്പിക്കണം.
അതേസമയം, സര്‍വിസ് കാലത്ത് വരുത്തിയ കുറ്റകൃത്യം വിരമിച്ചശേഷമാണ് കണ്ടെത്തുന്നതെങ്കില്‍ സംഭവം നടന്ന് നാലുവര്‍ഷത്തിനുള്ളില്‍ നടപടി എടുക്കണം. നാലുവര്‍ഷം കഴിഞ്ഞ കേസുകളില്‍ നടപടിക്കായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.