ലോകത്ത് പാം ഓയില്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ ഒന്നാമനായ ഇന്തേനേഷ്യ പാം ഓയിലിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇതിന്റെ ഭാഗമായി പാം ഓയില്‍ കയറ്റുമതി നികുതിയിലും ഇന്‍സെന്റീവുകളിലും പരിഷ്കാരങ്ങള്‍ ഉടനെ ഉണ്ടാകും.
അടുത്ത ആഴ്ചയോടുകൂടി പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി ധനമന്ത്രി സുഹാസില്‍ നസാര പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 മുതലായിരുന്നു ആഭ്യന്തര വിലക്കയറ്റം നേരിടാന്‍ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചത്. കയറ്റുമതി നിരോധിക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയില്‍ വില കുതിച്ചുയര്‍ന്നിരുന്നു.
ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കൂടുതല്‍ ചെലവേറിയ സോയാബീന്‍, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയില്‍, കേന്ദ്രസര്‍ക്കാര്‍ അസംസ്കൃത പാമോയില്‍ (സിപിഒ) ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വര്‍ഷവും 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.