പത്തനംതിട്ട: ജില്ലയിലെ നിരണത്ത് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതുവരെ 20,000ത്തിലധികം താറാവുകളാണ് പ്രദേശത്ത് ചത്തത്.
വൈറസ് രോഗബാധയെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതമാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചന്റെയും താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവുകളില്‍ 4000 എണ്ണവും, തങ്കച്ചന്റെ 7000 താറാവുകളില്‍ 3000വും കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ചത്തൊടുങ്ങി. തുടര്‍ന്ന് തങ്കച്ചന്റെ ബാക്കി വന്ന 4000ത്തോളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി.
താറാവുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങിയതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വന്‍ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്. കൂടാതെ പ്രദേശത്ത് വൈറസ് ബാധ പടരുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.