കൊല്ലം : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയ സംഭവത്തില്‍ 60 കാരി പിടിയില്‍. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.
മേലില കണിയാന്ന്കുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് ഇവര്‍ നട്ടുനനച്ച കഞ്ചാവ് ചെടി തഴച്ച് വളര്‍ന്ന് നില്‍ക്കുകയായിരുന്നു.
10 അടിയിലധികം ഉയരമുണ്ടായിരുന്ന ചെടിക്ക് 61 ശിഖരങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. വീടിന്റെ മുന്‍വശത്തായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്. കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്.
60 കാരിയായ പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്നും വിവരമുണ്ട്. കഞ്ചാവ് വാങ്ങി ഉപയോഗിക്കാന്‍ കൂടുതല്‍ പണം വേണ്ടതിനാലാണ് പ്രതി ചെടി നട്ടുവളര്‍ത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി തുളസിയെ റിമാന്‍ഡ് ചെയ്തു.