ലൗണ് (യു.പി): സൗജന്യങ്ങളിലൂടെ വോട്ട് നേടുന്ന സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് അപകടമാണെന്നും യുവജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.14,850 കോടി രൂപ ചെലവില്‍ നിര്‍മിച്ച 296 കിലോമീറ്റര്‍ നീളമുള്ള ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തിന്റെ നിലവിലെ ആഗ്രഹങ്ങളുമായും മെച്ചപ്പെട്ട ഭാവിയുമായും ബന്ധമില്ലാത്ത ഒരു പ്രവൃത്തിയും ചെയ്യരുത്. ഓരോ തീരുമാനവും നയവും രാജ്യ വികസനം ത്വരിതപ്പെടുത്തുന്നതാകണം. പുതിയ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും അത് ഇപ്പോള്‍ അവഗണിച്ചാല്‍ ഈ തലമുറക്ക് ദോഷകരമാകുമെന്നും മോദി പറഞ്ഞു. നമ്മുടെ നാട്ടില്‍ ‘രേവാഡികള്‍ (മധുരപലഹാരം)’ വിതരണം ചെയ്ത് വോട്ട് പിടിക്കുന്ന സംസ്കാരം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ ‘രേവാഡികള്‍’ രാജ്യ വികസനത്തിന് അത്യന്തം അപകടകരമാണ്. ഈ സംസ്കാരത്തിനെതിരെ രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പിന് മുമ്ബ് സൗജന്യങ്ങള്‍ നല്കുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം. അധികാരം പിടിക്കാന്‍ വിവിധ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെയാണ് ഉത്സവ വേളകളില്‍ വിതരണം ചെയ്യുന്ന ഉത്തരേന്ത്യന്‍ മധുരപലഹാരമായ ‘രേവടി’യിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്