കൊച്ചി : തൃക്കാക്കരയിലെ കറുത്ത കുതിരയായി ബിജെപി മാറുമെന്ന് വി മുരളീധരന്‍. വികസന നേട്ടങ്ങള്‍ ഉന്നയിക്കേണ്ടവര്‍ വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടു.
വികസനം ഇടതുപക്ഷത്തിന് അവകാശപ്പെടാവുന്ന മേഖലയല്ല. മോദി സര്‍ക്കാരുമായി കിടപിടിക്കാവുന്ന ഒരു പ്രവര്‍ത്തനവും പിണറായി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കി കാണുന്നു, വിജയം ഉറപ്പാണ്. ബിജെപി കറുത്ത കുതിരയായി മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. സിപിഐഎം പച്ച വര്‍ഗീയത പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടുന്നു. വികസന നേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് വര്‍ഗീയത പറയുന്നത്. സര്‍ക്കാര്‍ വികസന മേഖലയില്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുന്നു. അറസ്റ്റ് വാറണ്ടുള്ള സിപിഐഎം നേതാക്കന്മാര്‍ മുഖ്യമന്ത്രിയുടെയും, പൊലീസ് മേധാവിയുടെയും മൂക്കിന് കീഴില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. കൊലവിളി നടത്തുന്നവരെ കണ്ടെത്താന്‍ സര്‍ക്കാരിന് സമയമില്ല. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതെ, ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ വലിയ വ്യഗ്രത കാണിക്കുന്നു. സര്‍ക്കാരിന്‍്റെ ഇരട്ട നീതി തുറന്നു കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വി മുരളീധരന്‍.