തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കര്‍ എം ബി രാജേഷ്. സ്പീക്കറുടെ മണ്ഡലമായ തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി പത്തോടെ ആറ്റിങ്ങല്‍ മംഗലപുരത്താണ് അപകടം നടന്നത്. മംഗലപുരത്ത് ദേശീയപാതയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കര്‍ വാഹനം നിര്‍ത്തുകയായിരുന്നു.
രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചോരയില്‍ കുളിച്ച് കിടന്ന കുഞ്ഞിനെയുമെടുത്ത് കഴക്കൂട്ടം സിഎസ്ഐ മിഷന് ഹോസ്പിറ്റലിലേക്ക് തിരിച്ച സ്പീക്കര്‍, പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്കി.
പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.