കൊച്ചി: ദലിത് യുവതി സംഗീത ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവടക്കം മൂന്നു പേര് അറസ്റ്റില്‍. ഭര്‍ത്താവ് തൃശൂര്‍ പഴഞ്ഞി കെ.സി.സുമേഷ് (32), മാതാവ് ടി.കെ.രമണി (56), സഹോദര ഭാര്യ എ.എം.മനീഷ (24) എന്നിവരെ കൊച്ചി സിറ്റി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.
സ്ത്രീധന പീഡനം, സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്കു പുറമേ ദലിത് പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്.
ജൂണ്‍ ഒന്നിനാണ് സംഗീതയെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2020 ഏപ്രിലിലാണു സംഗീതയും സുമേഷും വിവാഹിതരായത്.
രണ്ടാഴ്ച പിന്നിടും മുന്‍പ് സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും ബന്ധുക്കളും സംഗീതയെ പീഡിപ്പിക്കാന്‍ തുടങ്ങിയതായാണു അടുത്ത ബന്ധുക്കളുടെ പരാതി.
വീടിനുള്ളില്‍ ജാതീയ പരാമര്‍ശങ്ങളോടെയുള്ള വേര്‍തിരിവും ശാരീരികമായ ഉപദ്രവവും സുമേഷും ബന്ധുക്കളും തുടങ്ങിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് ഇരുവരെയും വീണ്ടും ഒരുമിച്ചു വിട്ടതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. സംഭവം നടന്നു 42-ാം ദിവസമാണു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്.