കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ.
കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ ഇന്നലെ തുടങ്ങിയ ഒപി ബഹിഷ്കരണം സസ്പെന്ഷന് പിന്‍വലിക്കുന്നതു വരെ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജിഎംഒഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലേക്ക് ധര്‍ണ നടത്തും.
സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് നീക്കം. അത്യാഹിത വിഭാഗവും ലേബര്‍ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ വിട്ടു നില്ക്കുക. സര്‍ക്കാര്‍ തീരുമാനം വയ്കുകയാണെങ്കില് സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.