നെടുമങ്ങാട്: യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബസില്‍ അബോധാവസ്ഥയിലായ യാത്രക്കാരിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അനുമോദന പ്രവാഹം.
നെടുമങ്ങാട് ട്രാന്. ഡിപ്പോയിലെ ഡ്രൈവര്‍ മഞ്ച സ്വദേശി എ. സലിം, കണ്ടക്ടര്‍ വാണ്ട സ്വദേശി ആര്. രാജേഷ് എന്നിവരാണ് മന്നൂര്‍ക്കോണം സ്വദേശിനിയായ യാത്രക്കാരിയുടെ ജീവന് രക്ഷിച്ച് മാതൃകയായത്. നെടുമങ്ങാട് ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും.കഴിഞ്ഞ 27ന് രാവിലെ മന്നൂര്ക്കോണത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കാണ് ഇവരുടെ സേവനസന്നദ്ധതയില്‍ ജീവിതം തിരിച്ചുകിട്ടിയത്.
കിഴക്കേകോട്ട സ്റ്റാന്‍ഡില്‍ എത്തിയിട്ടും സീറ്റുവിട്ട് എഴുന്നേല്ക്കാന് കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ പരിശോധനയിലാണ് 42കാരിയായ വീട്ടമ്മ ഹൃദയാഘാതംമൂലം അബോധാവസ്ഥയിലാണെന്ന് തെളിഞ്ഞത്. ആംബുലന്‍സ് സജ്ജമാക്കാന്‍ കഴിയാതെ വന്നതോടെ, ബസ് ജനറല്‍ ആശുപത്രിയിലേക്ക് പായിക്കുകയായിരുന്നു.
കണ്ടക്ടര്‍ അറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ട്രോള് റൂമില്‍ നിന്നുള്ള സന്ദേശമനുസരിച്ച് ഗതാഗത തടസ്സമൊഴിവാക്കാന്‍ നിരത്തില്‍ പൊലീസുകാരും സജ്ജമായി. മിനിറ്റുകള്‍ക്കകം യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവന് രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടമ്മയുടെ ബന്ധുക്കള്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരെയും ഡിപ്പോ അധികൃതരെയും നേരില്‍കണ്ട് നന്ദി അറിയിച്ചു