കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും.
കാവ്യ രണ്ടു കേസിലും പങ്കില്ലെന്നാണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. പക്ഷേ കാവ്യയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് നാലര മണിക്കൂര്‍ ആണ് ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ എല്ലാം കാവ്യ നിഷേധിച്ചു. കേസില്‍ കാവ്യയുടെ പങ്കുണ്ടെന്ന് തെളിയിക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്.
ശബ്ദരേഖയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ കാവ്യ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കാവ്യക്ക് കേസിലെ നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാവ്യയോട് ചോദിച്ചിരുന്നു.
കാവ്യയുടെ ഉത്തരങ്ങളില്‍ തൃപ്തരല്ലാത്തതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കുകയാണ്.