തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് വെഞ്ഞാറമൂട്ടില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബിജെപി ഓഫീസിന് മുന്പില് നിന്നാണ് കരിങ്കൊടി കാണിച്ചത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.