ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് ആത്മഹത്യചെയ്ത പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്താനിരിക്കെ കുടുംബം നിര്‍ദ്ദേശിക്കുന്ന ഡോക്ടറെ പോസ്റ്റ്മോര്‍ട്ടം പാനലില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും നടപടിക്രമങ്ങള്‍ ചിത്രീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തില്‍ പരിക്കുകളില്‍ നിന്നുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ചൊവ്വാഴ്ചയാണ് കണിമയൂര്‍ ശക്തി മെട്രിക്കുലേഷന്‍ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ അധ്യാപകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആരോപണ വിധേയരായ അധ്യാപകര്‍ക്കും സ്കൂള്‍ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. 50ഓളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്.