കൊച്ചി: ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
‘ദേശീയ പാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്’ – കോടതി പറഞ്ഞു.
അങ്കമാലിക്കടുത്ത് അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ ഹെെക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്ക്കാന്‍ കോടതി നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് അമികസ്ക്യൂറി മുഖേന നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തില്‍പ്പെട്ടത്. പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ്. സ്കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്ബാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. പ്രദേശത്ത് കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവായിരുന്നു.