കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസില്‍ പ്രതിയായ നടന് ദിലീപിനെതിരെ അന്വേഷണ സംഘം കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും.
പീഡനത്തിനു ക്വട്ടേഷന്‍ നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ദിലീപിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി, തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തിയേക്കും. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ തുടരന്വേഷണത്തില്‍ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ ശരത്തിനെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയാണ് ശരത്ത്.
തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്കാന് ഹൈക്കോടതി വെള്ളിയാഴ്ച വരെ അന്വേഷണ സംഘത്തിന് സമയം നല്‍കിയിട്ടുണ്ട്. സമയം കളയാതെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതി അഭ്യര്‍ത്ഥിച്ചു. വിചാരണക്കോടതി കേസ് ജൂലായ് 22 നു പരിഗണിക്കാന്‍ മാറ്റി.