ഷാര്‍ജ: വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവേദിയായ മന്ബത് ഈത്തപ്പഴ ഉത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി.
ഫെസ്റ്റിവല്‍ പെരുന്നാള്‍ വരെ തുടരും. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ ഏഴ് വരെ ഷാര്‍ജയിലെ നസ്മ സെന്‍ട്രലിലാണ് ഡേറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. നിരവധി സന്ദര്‍ശകരാണ് ഈത്തപ്പഴ ഉത്സവം കാണാനായെത്തുന്നത്.
വിവിധയിനം ഇമാറാത്തി ഈത്തപ്പഴങ്ങള്ക്കൊപ്പം വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രീമിയം ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓര്‍ഗാനിക് ഉല്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. റമദാനില്‍ രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ ഒന്നുവരെ പ്രദര്‍ശനം തുടരും. മേഖലയിലെ ഏറ്റവും മികച്ച ഈത്തപ്പഴങ്ങളാണ് ഡേറ്റ് ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണം. തത്സമയ അറബിക് സംഗീതം, അല്‍ അയ്യാല പ്രകടനങ്ങള്‍, അറബി കഥപറച്ചില്‍, അറബിക് കാലിഗ്രഫി, പരമ്ബരാഗത സെറാമിക് പെയിന്റിങ്, മൈലാഞ്ചി കലാരൂപങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രാദേശിക വിനോദങ്ങള്‍ ഇതിന്റെ ഭാഗമായുണ്ട്. കൂടാതെ, പരിപ്പ്, തേന്‍, അറേബ്യന്‍ പലഹാരങ്ങള്‍, അറേബ്യന്‍ കാപ്പി, മധുരമുള്ള ലുഖൈമത്ത്, നാടന്‍ ഈന്തപ്പനകളില്‍നിന്ന് നിര്‍മിച്ച അലങ്കാര ആഭരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ടാകും. ഫാം ഫ്രഷ് പഴങ്ങള്‍ക്കും ഗുണമേന്മയുള്ള പച്ചക്കറികള്‍ക്കും പേരുകേട്ട, സീസണല്‍ മന്ബത് വിപണിക്കൊപ്പമാണ് ഡേറ്റ് ഫെസ്റ്റിവലും നടക്കുന്നത്. അരാദ ഫൗണ്ടേഷന്റെ മന്ബത് റമദാന് കാമ്ബയിനില്‍ രണ്ടാം വര്‍ഷവും ദരിദ്രര്‍ക്കായി പതിനായിരക്കണക്കിന് പുതിയ ഉല്പന്നങ്ങള് നല്‍കും.