തിരുവനന്തപുരം: കൊവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കൊവിഡ് കണക്ക് നല്‍കുന്നില്ല എന്നത് തെറ്റായ പ്രചരണമെന്ന് മന്ത്രി ആരോപിച്ചു. നാഷണല്‍ സര്‍വെെലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. തെറ്റായ ആരോപണം ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
‘ഓരോ ദിവസവും അവലോകനം നടത്തുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ സമഗ്രമായ റിപ്പോര്‍ട്ട് ഉണ്ടാവും. കൊവിഡ് കേസുകള്‍ കൂടുകയാണെങ്കില്‍ അത് പ്രസിദ്ധീകരിക്കും. കൊവിഡിനൊപ്പം ജീവിക്കുക എന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
കൊവിഡിനെപ്പറ്റി അനാവശ്യ ഭീതി പടര്‍ത്തുകയല്ല ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. കേസുകള്‍ കുറഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. സുതാര്യമായാണ് കേരളം കാര്യങ്ങള്‍ ചെയ്യുന്നത്’ – മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് കണക്കുകളും മന്ത്രി വിശദികരിച്ചു. 209 ആണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് കേസുകള്‍. സംസ്ഥാനത്തെ ശരാശരി കേസുകള്‍ 200 ന് അടുത്താണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായകമാണെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറയുന്നത്.
ഏപ്രില്‍ പതിമൂന്ന് മുതല്‍ പതിനേഴ് വരെ കൊവിഡ് കണക്കുകള്‍ കേരളം പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഞായറാഴ്ചയാണ് സംസ്ഥാനം പുറത്തുവിട്ടത്. സംസ്ഥാനത്ത് കേസുകള്‍ കുറഞ്ഞതിനാലാണ് കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചതെന്ന് ആരോഗ്യമന്ത്രി മുന്‍പും പറഞ്ഞിരുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസം 90 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. തൊട്ടുമുന്‍പത്തെ 1150 എന്ന കണക്കില്‍ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു. ഇതില്‍ 940 കേസുകളും കേരളത്തില്‍ നിന്നാണ്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒരുമിച്ച് കൊവിഡ് കണക്കുകള്‍ പുറത്ത് വിട്ടതാണ് രാജ്യത്തെ കേസുകള്‍ ഉയര്‍ന്നത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.