പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ മുടങ്ങി കിടന്ന ജലവിതരണം പുനസ്ഥാപിച്ചു. മാറ്റിവച്ച ശസ്ത്രക്രിയകള്‍ തിങ്കളാഴ്ച നടത്തും.
കൂടാതെ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ രണ്ടു മോട്ടോര്‍ വാങ്ങി ആശുപത്രിയില്‍ എത്തിച്ചു. കനത്ത മഴയെ തുടര്‍ന്ന് ശിരുവാണി ഡാമിലെ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടതിനാല്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ അവസ്ഥയായിരുന്നു.
ആശുപത്രിയിലെ മോട്ടോറില്‍ ചെളി അടിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. പല രോഗികളും ആശുപത്രി വിടുകയും ചെയ്തു. കിടപ്പു രോഗികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും വെള്ളമില്ലാതായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവം പുറം ലോകം അറിഞ്ഞതോടെ അധികൃതര്‍ അടിയന്തിരമായി ഇടപ്പെട്ട് മോട്ടോര്‍ നന്നാക്കാന്‍ നടപടി തുടങ്ങി. ജലവിതരണം പുനസ്ഥാപിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി.