കൊച്ചി: ബലാത്സംഗകേസില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്നും വിശദീകരണം തേടി അഭിനേതാക്കളുടെ സംഘടന അമ്മ.വിഷയം ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് നേതൃത്വം നാളെ യോഗം ചേര്‍ന്നേക്കും.
വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഊര്‍ജിത ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് താരസംഘടനയും നിലപാട് കടുപ്പിക്കുന്നത്. തുടര്‍ നടപടികളെ കുറിച്ചും അവര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.
ശ്വേത മേനോന് നയിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മാലാ പാര്‍വതി, കുക്കു പരമേശ്വരന്, രചന നാരായണന് കുട്ടി, ഇടവേള ബേബു, അഡ്വ. അനഖ എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങള്‍.
നിലവില്‍ അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. താരത്തെ സംഘടനാപദവിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് സൂചന.
അതേസമയം, വിജയ് ബാബുവിനെതിരെ കൂടുതല്‍ പരാതി വരാനുള്ള സാദ്ധ്യതയുണ്ടെന്നും നിലവിലെ കേസിലെ അന്വേഷണത്തിന് അത് സഹായിക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. പരാതി കിട്ടിയ 22ന് രാത്രി തന്നെ എഫ് ഐ ആര് ഇട്ടു. 24ന് വിജയ് ബാബു രാജ്യം വിട്ടു. ഹാജരാകണമെന്നാവശ്യപ്പെട്ട് നടന്റെ വീട്ടില്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.