കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
ഏറെ നിര്‍ണായകമായ ഹർജിയിൽ ഉച്ചക്ക് 1.45നാണ്ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുന്നത്. കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കിയത്.