ചെറുതോണി: ലൈന്മാന്മാരുടെ കുറവുമൂലം വൈദ്യുതി ബോര്‍ഡില്‍ ലൈനിലെ അറ്റകുറ്റപ്പണി അവതാളത്തില്‍. ഒരാഴ്ചയായി പെയ്ത വേനല്‍മഴയില്‍ നിരവധി ലൈനുകള്‍ തകരാറിലായെങ്കിലും വൈദ്യുതി ബോര്‍ഡിലെ ഓഫിസില്‍ വിളിക്കുമ്ബോള്‍ ലൈന്മാനില്ല എന്ന മറുപടിയാണ് കിട്ടുന്നത്.
കാറ്റിലും മഴയിലും ലൈന്‍ പൊട്ടിവീണാല്‍ നന്നാക്കാന്‍ ഒരു ദിവസം കഴിയേണ്ട അവസ്ഥയാണ്. വൈദ്യുതി ഓഫിസില്‍ വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്.ജില്ലയില്‍ നൂറിലധികം ലൈന്മാന്മാരുടെ കുറവുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അടിസ്ഥാന തസ്തികയായ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
വര്‍ക്കര്‍മാര്‍ക്ക് ലൈന്മാന് ഗ്രേഡ് രണ്ടായാണ് പ്രമോഷന് ലഭിക്കുക. പിന്നീട് ഗ്രേഡ് ഒന്നാകും ഗ്രേഡ് ഒന്നില്‍നിന്ന് ഓവര്‍സീയറായി പ്രമോഷന് ലഭിക്കും. ലൈനിലെ ജോലിക്ക് മേല്‍നോട്ടം വഹിക്കുന്ന ചുമതലയാണ് ഓവര്സിയര്ക്കുള്ളത്. ജില്ലയില്‍ ഓവര്‍സിയര്‍മാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. യോഗ്യരായ ജീവനക്കാരില്ലെന്ന കാരണത്താല്‍ വര്‍ഷങ്ങളായി വര്‍ക്കര്‍ തസ്തികയില്‍നിന്ന് ലൈന്മാന്മാരായി സ്ഥാനക്കയറ്റം നല്‍കുന്നില്ല.
എന്നാല്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ചട്ടപ്രകാരം ലൈന്മാന്മാര്ക്ക് സ്ഥാനക്കയറ്റം നല്കണമെങ്കില് ഐ.ടി.ഐ യോഗ്യത വേണമെന്നും അങ്ങനെയുള്ളവര്‍ ഇല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം, വര്‍ഷങ്ങളായി ജോലിചെയ്യുന്ന തങ്ങള്‍ക്ക് ചട്ടത്തില്‍ ഇളവ് വരുത്തി സ്ഥാനക്കയറ്റം നല്‍കണമെന്നാണ് വര്‍ക്കര്‍മാരുടെ ആവശ്യം.