കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി സൈക്കിള്‍ റാലി. തളി ക്ഷേത്രത്തിനടുത്തു നിന്ന് ആരംഭിച്ച റാലി മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു.
കോഴിക്കോട് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബ്ബുകള്‍, അക്കാദമികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് ആഘോഷാരവമുയര്ത്തി സൈക്കിളുമായി നിരത്തിലിറങ്ങിയത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും സംസ്ഥാന സൈക്ലിങ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ടി.എം. അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍ റാലിയില്‍ സൈക്കിള്‍ പോളോ ദേശീയതാരങ്ങളായ നിഹ്മ കബീര്‍, റിച്മ കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാളയം, മാനാഞ്ചിറ വഴി ആഘോഷപരിപാടികള്‍ക്ക് വേദിയാവുന്ന ബീച്ചില്‍ റാലി അവസാനിച്ചു. സച്ചിന് ദേവ് എം.എല്‍.എ., ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, സംഘാടകസമിതി കണ്‍വീനര്‍മാരായ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം, വസീഫ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.