ലാഹോര്‍: അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രഖ്യാപനവുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
അധികാരത്തിലിരുന്ന സമയം താന്‍ ഒട്ടും അപകടകാരി ആയിരുന്നില്ലെന്നും എന്നാല്‍, ഇനിമുതല്‍ അങ്ങനെ ആയിരിക്കില്ലെന്നും ഇമ്രാന് ഖാന് പറയുന്നു. താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പെഷവാറില്‍ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ പാക് പ്രധാനമന്ത്രി.
‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും. എന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പലരും ഒത്തുകളിച്ചു. പാകിസ്ഥാന് നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്ബ് പാതിരാത്രിയില്‍ കോടതി ചേര്‍ന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്’, ഇമ്രാന് ഖാന് ആരോപിച്ചു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ വാഷിംഗ്ടണില്‍ വിദേശ ഗൂഢാലോചന നടത്തിയെന്ന തന്റെ ആരോപണം, അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഗൂഢാലോചന നടത്തിയവര്‍, തന്നെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായി സന്തോഷിക്കുകയാണെന്നും, അവര്‍ക്ക് അധികം നാള് സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 40,000 കോടി രൂപയുടെ അഴിമതിക്കേസുകള്‍ ഉള്ളതിനാല്‍ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി പാകിസ്ഥാന് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇമ്രാന് ഖാന് ചൂണ്ടിക്കാട്ടി.
‘എന്റെ 25 വര്‍ഷത്തെ രാഷ്ട്രീയത്തിനിടയില്‍, എന്റെ ജീവിതവും മരണവും പാകിസ്ഥാനിലാണ്. അതിനാല്‍, ഞാന്‍ ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയോ ജുഡീഷ്യറിക്കെതിരെയോ പ്രവര്‍ത്തിച്ചിട്ടില്ല. പൊതുജനങ്ങളെ പ്രകോപിപ്പിച്ചിട്ടില്ല. ഷെഹബാസ് ഷെരീഫിനെതിരെ 40,000 കോടിയുടെ അഴിമതിക്കേസുകള്‍ ഉണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അംഗീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ ആരൊക്കെ വിചാരിച്ചാലും… സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ സഹായത്തോടെ പുറത്താക്കപ്പെട്ട 1970-കളിലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. എന്നെ പുറത്താക്കിയതിന് പിന്നില്‍ വിദേശ ശക്തികളാണുള്ളത്’, ഇമ്രാന് ഖാന് പറഞ്ഞു.
അതേസമയം, നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന് ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചതോടെയാണ് പുതിയ പ്രധാനമന്തിയെ തിരഞ്ഞെടുക്കാനുള്ള നീക്കം നടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയും, പിന്നാലെ ഇമ്രാന് ഖാന് രാജി വെയ്ക്കുകയും ചെയ്തിരുന്നു. ഇമ്രാന് ഖാന് പകരം, പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്.