ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy) ഭാഗമായുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതല്‍ സര്‍വകലാശാലകള്‍ രണ്ട് ബിരുദം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയര്പേഴ്സന് എം.ജഗദീഷ് കുമാര്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാര്‍ഥികള്‍ വിവിധ കഴിവുകള്‍ ആര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ബിരുദം ഒരേ സമയം ചെയ്യാന്‍ അവസരം ഒരുക്കുന്നത്. ഒരു കോഴ്സ് ഓണ്‍ലൈനായും രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളജില്‍ പോയി പഠിക്കുന്നതിനും അവസരമുണ്ടാകുമെന്നും യുജിസി വ്യക്തമാക്കി.
– ഭാഷാപഠനത്തിന് സാധ്യതകളെറേ; സംസ്കൃത സര്‍വ്വകലാശാലയില്‍ വിവിധ ഭാഷകളില്‍ പി. ജി. പഠനത്തിന് അപേക്ഷിക്കാം
ഒരേ സമയം രണ്ട് കോഴ്സ് ചെയ്യുമ്ബോള്‍ അതത് സര്‍വകലാശാലകളും കോളേജുകളും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവേശന നടപടികളും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമെന്നും യുജിസി അറിയിച്ചു. ഉദാഹരണത്തിന്, ഒരു കോഴ്സിലേക്കുള്ള പ്രവേശനം ജെഇഇ (JEE) സ്കോര്‍ അടിസ്ഥാനമാക്കിയും മറ്റൊന്ന് സിയുഇടി (CUET) അടിസ്ഥാനത്തിലുമാണെങ്കില് ഈ രണ്ട് പ്രവേശന പരീക്ഷകളും വിജയിക്കേണ്ടതുണ്ട്. രാജ്യത്തെ ഏത് സര്‍വകലാശാലയില്‍ നിന്നും ഈ സൗകര്യം വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം.
ഈ പ്രോഗ്രാമിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ അക്കാദമിക് തലത്തിലുള്ള കോഴ്സുകള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. അതായത്, പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന ബികോം, ബിഎസ്സി, ബിടെക് പോലുള്ള കോഴ്സുകള്‍ ഒരേ സമയം ചെയ്യാം. പക്ഷേ, ഒരു യു.ജി കോഴ്സിനൊപ്പം പിജി കോഴ്സ് തിരഞ്ഞെടുക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് പിഎച്ച്ഡി എടുക്കാനും കഴിയില്ല.
ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ മികച്ച സര്‍വകലാശാലകളെ പ്രാപ്തരാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പരിധിയില്ലാതെ സീറ്റുകള്‍ ഉറപ്പാക്കുമെന്നും യുജിസി ചെയര്പേഴ്സന് പറഞ്ഞു. ഒരു ദേശീയ ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാനും തങ്ങള്‍ പദ്ധതിയിടുന്നതായും ജഗദീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റ് കോഴ്സോ മാത്രം ചെയ്യാനാണ് യുജിസി അനുമതിയുള്ളത്.
എന്താണ് യുജിസി?
ഇന്ത്യയിലെ സര്‍വകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അഥവാ യു ജി സി സ്ഥാപിക്കപ്പെട്ടത്. 1956 ല്‍ ആയിരുന്നു രൂപീകരണം. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിലുണ്ട്. പൂണെ, ഹൈദരാബാദ്, കല്‍ക്കത്ത, ഭോപാല്‍, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍.