ദേശീയ പുരസ്കാരജേതാവായ ടി. ദീപേഷിന്റെ സിനിമ അക്വോറിയത്തിന് ഒടുവില്‍ ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി.
സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സൈനപ്ലേ- ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസിന് ഒരുങ്ങിയപ്പോഴാണ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചിലര്‍ ദില്ലി , കേരളാ ഹൈക്കോടതികളെ സമീപിച്ചത്.
കോടതികള്‍ കേസ് തള്ളുകയും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയും ചെയ്തു. സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. അതേ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ക്ക് നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു.
അനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്. സെന്‍സര്‍ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിന്റെ പേരു മാറ്റിയാണ് ഇപ്പോള്‍ പ്രദര്‍ശനത്തി നൊരുങ്ങിയിരിക്കുന്നത്.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ‘പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് ‘- സംവിധായകന് ദീപേഷ് പറയുന്നു.
ഹണിറോസ്, സണ്ണിവെയ്ന്, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന് വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥ ഒരുക്കിയത്. ഷാജ് കണ്ണമ്ബേത്താണ് നിര്‍മ്മാണം. ഛായാഗ്രാഹണം പ്രദീപ് എം.വര്‍മ്മ.