ന്യൂഡല്‍ഹി: ലോകാരോഗ്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്ക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരുടെ കഠിനാധ്വാനമാണ് നമ്മെ സംരക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പൗരന്മാര്ക്ക് മികച്ച ഗുണനിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഇന്ത്യയുടെ ആയുഷ്മാന്‍ ഭാരത് ആണെന്നും അതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പി.എം ജന്‍ ഔഷധി പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് സമര്‍പ്പിക്കുമ്ബോള്‍ തനിക്ക് വളരെ സന്തോഷം തോന്നുന്നു. താങ്ങാനാവുന്ന നിരക്കില്‍ ആരോഗ്യ സംരക്ഷണം ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ ശൃംഖലയെ മുഴുവനായി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായി. നിരവധി പുതിയ മെഡിക്കല്‍ കോളേജുകള്‍ വന്നു. പ്രാദേശിക ഭാഷകളില്‍ മെഡിസിന് പഠനം സാധ്യമാക്കാനുള്ള തന്റെ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് ചിറകുനല്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.