കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്.
ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി. ഹരജിയില്‍ ഗവര്‍ണര്‍ ഒന്നാം എതിര്‍കക്ഷിയാണ്.
ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍, സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍, ഡോ. ഗോപിനാഥ് രവീന്ദ്രന് എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൌണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാണ് ഹരജിക്കാരുടെ ആവശ്യം.
വി.സിയെ നീക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു. പിന്നാലെയാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കാലാവധി കഴിഞ്ഞ വി.സിയെ പുനര്‍നിയമിച്ചത് റദ്ദാക്കണം എന്നാണ് ഹരജിക്കാരുടെ ആവശ്യം.