വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വിഷു കൈത്തറി മേളയ്ക്ക് കോർപ്പറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ തുടക്കമായി. തുറമുഖ- മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മേള ഉദ്ഘാടനം ചെയ്തു.
കാലത്തിനനുസരിച്ച് വിപണന തന്ത്രങ്ങൾ മാറ്റി ഓൺലൈൻ സാധ്യതകൾ കൂടി കണ്ടെത്തേണ്ടതുണ്ട്. കോവിഡ് കാലത്ത് സ്പെഷ്യൽ റിബേറ്റ് നൽകി കൈത്തറി വിൽപ്പന ഉറപ്പാക്കുന്നതിന് സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മുഴുവൻ കൈത്തറി സഹകരണ സംഘങ്ങളും തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൈത്തറി സഹകരണ സംഘങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്. വിവിധയിനം കൈത്തറി ഉത്പന്നങ്ങൾ 20% സർക്കാർ റിബേറ്റോടെ ഉപഭോക്താക്കൾക്ക് ലഭ്യമാവും.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ അബൂബക്കർ, ജില്ലാ കൈത്തറി വികസന സമിതി അംഗം ടി. ബാലൻ, ജില്ലാ കൈത്തറി അസോസിയേഷൻ പ്രസിഡന്റ് കെ.പി കുമാരൻ എന്നിവർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരായ ബിജു പി എബ്രഹാം സ്വാഗതവും എം.കെ ബലരാജൻ നന്ദിയും പറഞ്ഞു. മേള 14 ന് സമാപിക്കും