ന്യൂഡെല്‍ഹി: ഇന്‍ഡ്യയിലേത് അടക്കമുള്ള സ്ഥാപനങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അപ്രത്യക്ഷമായ ‘ഡീപ് പാന്‍ഡ’ എന്ന ചൈനീസ് ഹാകര്‍ ഗ്രൂപ് ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായതായി റിപോര്‍ട്.
കഴിഞ്ഞ മാസം മുതല്‍ ഇവര്‍ സാമ്ബത്തിക, ട്രാവല്‍, കോസ്മെറ്റിക് വ്യവസായങ്ങള്‍ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായാണ് വിവരം. സര്‍കാര്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ടെലികമ്യൂനികേഷന്, സാമ്ബത്തിക സ്ഥാപനങ്ങള്‍ എന്നിവയെയാണ് ഡാറ്റ മോഷണത്തിനും നിരീക്ഷണത്തിനുമായി സംഘം ലക്ഷ്യമിടുന്നത്. ഇവരുടെ പ്രവര്‍ത്തനം കണ്ടെത്തിയതായി ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.
ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍, കഴിഞ്ഞ വര്‍ഷം ചൈനയുടെ പിന്തുണയുള്ള ഗ്രൂപുകളില്‍ നിന്ന് രാജ്യത്തിന്റെ വൈദ്യുതി അടക്കമുള്ള നിര്‍ണായക മേഖലകള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു.
2020 മെയ് മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍ നടന്ന ആക്രമണങ്ങള്‍ മൊത്തം 12 സ്ഥാപനങ്ങളെ ലക്ഷ്യം വച്ചു, അവയില്‍ 10 എണ്ണം വൈദ്യുതി ഉല്പാദന, പ്രസരണ മേഖലയിലാണ്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് (എന്‍ടിപിസി) ലിമിറ്റഡും ന്യൂഡെഹി ആസ്ഥാനമായുള്ള പവര്‍ സിസ്റ്റം ഓപറേഷന് കോര്പറേഷന് ലിമിറ്റഡും നടത്തുന്ന പവര്‍ പ്ലാന്റും ഇവയില്‍ ഉള്‍പെടുന്നുവെന്ന് റെകോര്‍ഡഡ് ഫ്യൂചറിന്റെ റിപോര്‍ട് പറയുന്നു.