മുംബൈ : കൊറോണ വ്യപനം കുറയുന്നതിനിടയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
കോളേജിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ജിക്കല്‍ മാസ്ക് ധരിക്കണമെന്നാണ് കോളേജ് അധികൃതരുടെ നിര്‍ദ്ദേശം. 100 മില്ലീ ലിറ്റര്‍ സാനിറ്റൈസറും കയ്യില്‍ കരുതണം എന്നും നിര്‍ദ്ദേശമുണ്ട്. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ കോളേജിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്‍സോര്‍ഷ്യം ഓഫ് മുംബൈ കോളേജസിന്റേതാണ് നിര്‍ണായക ഉത്തരവ്.
കോളേജുകള്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുകയും എല്ലാവരും സാധാരണ ജീവിതത്തിലേക്ക് വരാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് കോളേജ് അധികൃതര്‍ അനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നാണ് ഇവരുടെ ആരോപണം. മുബൈയിലെയും എംഎംആറിലേയും വിദ്യാര്‍ത്ഥികളോടാണ് നിര്‍ദ്ദേശം.
എന്തുകൊണ്ടാണ് സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നും മറ്റ് മാസ്കുകള്‍ ഉള്ളവര്‍ എന്ത് ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. എന്നാല്‍ മാസ്കില്‍ തുല്യത കൊണ്ടുവരാനാണ് ഈ നീക്കമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
മാസ്കില്ലാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്ന് കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലും ഇത് നടപ്പിലാക്കി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.