തിരുവനന്തപുരം ∙ കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു.
തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിക്കുകയാണ്. ജീവനക്കാരെ ഗേറ്റിനു മുന്നില്‍ തടഞ്ഞു. കോഴിക്കോട് കാരന്തൂര്‍, കുന്നമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കുന്നമംഗലം അങ്ങാടിയില്‍ 20 ഓളം കടകള്‍ അടപ്പിച്ചു. കാരന്തൂറില്‍ പെട്രോള്‍ പമ്ബും അടപ്പിച്ചു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല.
സംസ്ഥാനത്ത് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറല്‍ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. അതേസമയം, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമമുണ്ടായി. കടകള്‍ക്കും ആശുപത്രി വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.