ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസിനെ കുറിച്ച് വീണ്ടും പരാതികള്‍. ആര്.ഡി ഓഫിസില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്ന പരാതി കൂടി ഉയരുന്നത്.
ഭൂമി തരം മാറ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ താണ്ടി എത്തുന്നവര്‍ക്കാണ് അന്വേഷണം വിഭാഗം ഉള്‍പ്പെടെയുള്ളിടത്ത് നിന്ന് അവഗണന നേരിടുന്നതായി ആക്ഷേപമുള്ളത്. കൊച്ചി, പറവൂര്‍, കണയന്നൂര്‍, ആലുവ എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് ഫോര്‍ട്ട് കൊച്ചിയിലെ ആര്. ഡി ഓഫിസ്. ഇതിനാല്‍ തന്നെ കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ ഇവിടെ എത്തുന്നത്.
അപേക്ഷകരോട് വ്യക്തമായ മറുപടി പോലും പറയാതെ തിരികെ അയക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നിന്നെത്തിയ ദമ്ബതികള്‍ ഓഫിസില്‍ തങ്ങളുടെ അപേക്ഷ സംബന്ധിച്ച് സംശയങ്ങള്‍ ചോദിച്ചെങ്കിലും, നല്കിയില്ലത്രേ. തുടര്‍ന്ന് ഇവര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം കിട്ടിയില്ലെന്നും പറയുന്നു. ഓഫിസില്‍ എത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണമെന്നും അന്വേഷണ വിഭാഗം അവരുടെ സംശയങ്ങളും ദൂരികരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെയാണ് അധികൃതര്‍ അവഗണിക്കുന്നത്.
പറവൂര്‍ സ്വദേശി മത്സ്യത്തൊഴിലാളി കൂടിയായ സജീവെന്റ ആത്മഹത്യക്ക് ഇടയാക്കിയതും ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിലപാടുകളാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. തങ്ങള്‍ നല്കിയ അപേക്ഷയുടെ അവസ്ഥ സംബന്ധിച്ച് അപേക്ഷകര്‍ അന്വേഷണം നടത്തുമ്ബോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കുകയാണ് പതിവ്. ശരിയായ രീതിയില്‍ അപേക്ഷകരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ അത് അപേക്ഷകര്‍ക്ക് തുടര്‍ നടപടികള്‍ക്കും ഗുണമാകും. ഭൂമി തരം മാറ്റലിന് അപേക്ഷ നല്കി കാത്തിരിക്കുന്ന രണ്ടും മൂന്നും സെന്റ് വസ്തുക്കളുടെ ഉടമകളോട് കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലെന്നും പരാതി പറഞ്ഞ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്നും പറയുന്നു. ഇടക്ക് അദാലത് വെച്ച് അപേക്ഷകള്‍ തീര്‍പ്പാക്കുന്നുണ്ടെങ്കിലും അത് വളരെ വിരളമാണ്