യുക്രൈന്: യുക്രൈനില്‍ റഷ്യയുടെ ആക്രമണം നിര്‍ത്താതെ തുടരുകയാണ്. യുക്രൈന് പ്രസിഡന്റുമായുള്ള അഭിമുഖം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്കി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈന് ജനതയില്‍ റഷ്യക്കാര്‍ക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
യുക്രൈനില്‍ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്ബോഴും ആക്രമണത്തില്‍ അയവ് ഇല്ലാതെ തുടരുകയാണ്. ഖാര്‍കീവിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തി. ചെര്‍ണോബില്‍ ആണവ പ്ലാന്റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. യുക്രൈന് തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈന് സൈനിക ഇന്റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രൈനില്‍ മറ്റൊരു ദക്ഷിണ കൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സൈനിക ഇന്റലിജന്‍സ് മേധാവി പറഞ്ഞു. ലിവിവിലെ റഷ്യന്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങളെ തരിപ്പണമാക്കിയും നടത്തുന്ന ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈന് ജനതയില്‍ റഷ്യക്കാര്‍ക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ ഭാഷ യുക്രൈന്‍കാര്‍ ഉപേക്ഷിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.