റാന്നി: രോഗികള്‍ വീട്ടില്‍പോയി ഡോക്ടര്‍മാരെ കണ്ട് കൈക്കൂലി നല്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അല്ലാത്ത സാഹചര്യത്തില്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. റാന്നി താലൂക്ക് ആശുപത്രിക്ക് ഡോക്ടേഴ്സ് ഫോര്‍ യു സംഘടന നല്കിയ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മികച്ചതാക്കുന്നത്. എന്നാല്‍, ഇതില്‍ ചുരുക്കം ചിലരുടെ ദുഷ് പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇത് ഇല്ലാതാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല. സംസ്ഥാന ബജറ്റിന്റെ നല്ലൊരു ശതമാനം തുക ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് ശമ്ബളമായി നല്‍കുന്നത്. ഇത് വാങ്ങിയിട്ട് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല.
എല്ലാ ആശുപത്രികളും രോഗി സൗഹൃദം ആയിരിക്കണം. റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ പദ്ധതി കൂടുതല്‍ തുക ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഓക്സിജന്‍ പ്ലാന്റിനായി 1.25 കോടി നല്കിയ ഡോക്ടേഴ്സ് ഫോര്‍ യു സംഘടനയുടെയുടെ പ്രോഗ്രാം കോഓഡിനേറ്റര്‍ അബ്ദുല്ല ആസാദിനെ മന്ത്രി ആദരിച്ചു.
മുന്‍ എം.എല്‍.എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആര്. പ്രസാദ് , ഓയില്‍പാം കോര്പറേഷന് ചെയര്മാന് എം.വി. വിദ്യാധരന്, പി.എസ്. സുജ, സതീഷ് കെ.പണിക്കര്‍, അഡ്വ. ജേക്കബ് സ്റ്റീഫന്‍, കോമളം അനിരുദ്ധന്, നയന സാബു ,അന്‍സാരി മന്ദിരം, ലാല്‍ജി എബ്രഹാം, എബ്രഹാം കുളമട, സാംകുട്ടി പാലക്കാമണ്ണില്‍, ലിസി ദിവാന്, അനു മാത്യു ജോര്‍ജ്, ഡോക്ടര്‍മാരായ എല്‍. അനിതകുമാരി, എസ്. ശ്രീകുമാര്‍, വൈശാഖ് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.