നോയിഡ: ഉത്തര്‍പ്രദേശില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു.
ഗ്രേറ്റര്‍ നോയിഡയിലെ കനര്സി ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നേപ്പാള്‍ സ്വദേശിയായ നങ്കുവാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി നങ്കു നരേഷ് എന്നയാളുടെ വീട്ടില്‍ കടന്ന് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുഞ്ഞിന്റെ കരച്ചില് കേട്ട് കുടുംബം ഉണര്‍ന്നത് കണ്ട് ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസ് എത്തി പ്രതിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ നിന്ന് നിര്‍ദേശിച്ചതനുസരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നങ്കു മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
നരേഷിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെതിരെ നങ്കുവിന്റെ സഹോദരന് കൊലപാതക കുറ്റത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നരേഷിനെ അറസ്റ്റ് ചെയ്യുകയും കോടതി വിധി പ്രകാരം ജയിലിലടക്കുകയും ചെയ്തു. നങ്കുവിന്റെ മരണത്തില്‍ പങ്കുള്ള എല്ലാവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.