തൊളിക്കോട് : തൊളിക്കോട് പഞ്ചായത്തിലെ തേവൻപാറ വാർഡിൽ ഉയരത്തിൽ പരന്നുകിടക്കുന്ന കാവും മൂല പാറ ഏറെ ശ്രദ്ധേയമാണ്. നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാൻ കുടുംബമായി ഇവിടെ എത്തിച്ചേരുന്നത്. ഇവിടെ കാറ്റിനൊപ്പം സഹ്യപർവ്വത താഴ് വാരകളിലേക്ക് പച്ചപ്പ് നിറഞ്ഞ മലനിരകൾ ആസ്വദിക്കാം എന്നതാണ് ഏറെ ശ്രദ്ധേയം. അകലെ അഗസ്ത്യാർ മലയും പൊൻമുടി യുടെയും അഴക് ഇവിടെ നിന്ന് ആസ്വദിക്കാം. രാവിലെ മഞ്ഞ് മൂടി കിടക്കുന്നത് വേറൊരഴകാണ്. . സൂര്യോദയം കണ്ട് നിൽക്കുന്നവരും ഏറെയാണ്.
ആനാട് , നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തൊളിക്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം. ഉയരത്തിൽ ആണെങ്കിലും അപകട സാധ്യത കുറഞ്ഞ സ്ഥലം എന്നതുകൊണ്ടും സമീപപ്രദേശത്ത് ഇത്തരം പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലങ്ങൾ ഇല്ലാത്തതിനാലും ഏറെ ആളുകളാണ് ഇവിടെ എത്താറുള്ളത്.
തൊളിക്കോട് പഞ്ചായത്തിന്റെ ഭാഗമായ ഈ പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം