ദില്ലി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു മാർക്ക് പരിഗണിക്കില്ല. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ആദ്യ ആഴ്ച്ചയോടെ അപേക്ഷിക്കാം. ഇത്തവണ മുതൽ മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. ഓൺലൈനായാകും പരീക്ഷ നടത്തുക.
ദില്ലി സർവകലാശാലയിൽ ഉൾപ്പടെ ബിരുദ പ്രവേശനത്തിന് ബോർഡ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നതിൽ അപാകതകളുണ്ടെന്ന് നേരത്തെ പരാതികളുയർന്നിരുന്നു. ഈ പരാതി പരിഹരിക്കാനാണ് പുതിയ നടപടി.