തിരുവനന്തപുരം: ബലാത്സംഗപരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനെതിരെ നടപടി. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കേസിൽ പ്രതിയായ സൈജു നിലവിൽ അവധിയിലാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.
ഭർത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. സൈജു വിവാഹിതനാണ്. 2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.