കണ്ണൂർ; മൂന്നുവയസ്സുകാരനെ അങ്കണവാടിയിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ് സംഭവം. അങ്കണവാടിയിലെ ആയയാണ് കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചത്. ‘കുരുത്തക്കേട്’ കാണിച്ചതിനാണ് മർദ്ദിച്ചതെന്നാണ് ആയയുടെ വിശദീകരണം. കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ട്. അടിയേറ്റ മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിലാണ് മുറിവ്. കുട്ടിയെ കെട്ടിയിട്ട് അടിക്കുകയായിരുന്നെന്ന് അച്ഛൻ അൻഷാദ് പരാതിയിൽ പറഞ്ഞു. ആയയ്ക്കെതിരെ ചൈൽഡ് ലൈൻ കേസെടുത്തു. കുട്ടി ‘പോടാ’ എന്ന് വിളിച്ചെന്നും കുരുത്തക്കേട് കാണിച്ചെന്നുമാണ് ആയ പറയുന്നത്. സംഭവം നടക്കുമ്പോൾ അങ്കണവാടിയുടെ ചുമതലയുള്ള ടീച്ചർ സ്ഥലത്തുണ്ടായിരുന്നില്ല. ഒരു യോഗത്തിൽ പങ്കെടുക്കാൻ ടീച്ചർ പോയ സാഹചര്യത്തിലാണ് ആയയെ ചുമതലയേൽപ്പിച്ചത്.